Wednesday, September 1, 2010

ഭീകരവാദവും തീവ്രവാദവും ഇസ്ലാമിനന്യം-കാന്തപുരം


ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം


കുവൈത്ത്‌: ഭീകരവാദവും തീവ്രവാദവും ഇസ്ലാമിന്റെ പേരിൽ തല്പരകക്ഷികൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇസ്ലാം സ്നേഹത്തിന്റെയും സഹിഷ്ണുതയു ടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ ലോകത്തിന്‌ സമർപ്പിച്ചതെന്നും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കുവൈത്ത്‌ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച റമളാൻ പ്രഭാഷണത്തിൽ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം സ്വന്തം വിശ്വാസം ആരുടെ മേലും അടിച്ചേൽപ്പിക്കാൻ ആരെയും കൽപ്പിച്ചിട്ടില്ല. പക്ഷേ, മുസ്ലിമിന്‌ അവന്റെ വിശ്വാസം സംരക്ഷിക്കാൻ അവസരമുണ്ടാവുകയും വേണം. തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ അടിസ്ഥാനം. തങ്ങളുടെ വിശ്വാസം നിലനിർത്താനും ജ?​‍ാവകാശങ്ങൾ സംരക്ഷിക്കാനും സ്വാതന്ത്ര്യം നൽകില്ല എന്ന ശത്രുക്കളുടെ നിലപാടിൽ നിന്നായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ ആരംഭം; ബദ്ര് യുദ്ധ സ്മരണയുണർത്തിക്കൊണ്ട്‌ കാന്തപുരം പറഞ്ഞു. ഇസ്ലാമിനെ തെറ്റായി വായിച്ചതിനാൽ അല്പബുദ്ധികളായ ചില മുസ്ലിംകൾ തെറ്റായ പ്രവർത്തനങ്ങളിലേക്ക്‌ സാഹചര്യങ്ങളുടെ കൂടി സമ്മർദ്ധ ഫലമായി നീങ്ങിയിട്ടുണ്ടാകാം. അവർ തെറ്റു തിരുത്തി ഇസ്ലാമിന്റെ യഥാർത്ഥ അന്ത:സത്ത മനസ്സിലാക്കി യഥാർത്ഥ ഇസ്ലാമിനെ സമൂഹത്തിനു കാണിച്ചു കൊടുക്കാൻ തയ്യാറാവണം; കാന്തപുരം അഭ്യർത്ഥിച്ചു. സമസ്ത മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഹ്മദ്‌ കെ.മാണിയൂർ അദ്ധ്യക്ഷനായിരുന്നു. ഡോ. എ.പി. അബ്ദുൽ ഹകീം അഷരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യഭ്യാസ രംഗത്തെ ശക്തമായ തിരിച്ചു വരവാണ്‌ ഇന്ത്യൻ മുസ്ലിംകളുടെ സമകാലിക പ്രശ്നങ്ങൾക്കുള്ള കാതലായ പരിഹാരമെന്ന്‌ അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുസ്ലിംകൾ ഏറ്റവും അടിത്തട്ടിലാണ്‌. ഇതിൽ നിന്ന്‌ അവരെ ഉയർത്തലാവട്ടെ നമ്മുടെ മുഖ്യ അജണ്ട; അദ്ദേഹം ഓർമ്മിപ്പിച്ചു.

ലഫ്‌. കേണൽ ഖാലിദ്‌ അൽഅമ്മാർ, അഹ്മദ്‌ അൽഹാജിരി, അബ്ദുല്ല അൽഹാജിരി, യൂസുഫ്‌ അൽഹാജിരി, മുനീർ ബാഖവി തുരുത്തി, ഉബൈദുല്ലാഹ്‌ സഖാഫി, തുടങ്ങിയവരും സന്നിഹിതരായിരുന്നു. നേരത്തേ രണ്ടായിരത്തിലധികം പേർ പങ്കെടുത്ത ഇഫ്താർ വിരുന്ന്‌ നടക്കുകയുണ്ടായി. പരിപാടികൾ പി.കെ. ശുക്കൂർ, അഡ്വ.തൻവീർ, എഞ്ചിനീയർ അബൂമുഹമ്മദ്‌, കെ.പി. നൗഫൽ, അലവി സഖാഫി തെഞ്ചേരി എന്നിവർ കോഓർഡിനേറ്റ്‌ ചെയ്തു. അബ്ദുല്ല വടകര സ്വാഗതവും സി.ടി.എ. ലത്തീഫ്‌ നന്ദിയും പറഞ്ഞു

http://www.ssfmalappuram.com/
CT A Latheef

No comments: