Tuesday, September 7, 2010

എയർഇന്ത്യ ;സർക്കാറുകൾ അടിയന്തരമായി ഇടപെടണം: ആർ.എസ്‌.സി

റിയാദ്‌: ഗൾഫ്‌ മലയാളികളുടെ മുഖത്തടിക്കുന്ന രീതിയിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മുന്നൂറോളം സർവീസുകൾ കൂട്ടത്തോടെ നിർത്തലാക്കിയ നടപടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നേരിട്ട്‌ ഇടപെടണമെന്നും ഗൾഫിലെത്തുന്ന നേതാക്കളും മന്ത്രിമാരും പ്രവാസികൾക്ക്‌ പലപ്പോഴായി നൽകിയ ഉറപ്പുകളുടെ പ്രത്യക്ഷ ലംഘനമാണിതെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) സൗദി നാഷണൽ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

കാലങ്ങളായി മലയാളികളെ വിശിഷ്യാ മലബാറുകാരെ ദ്രോഹിക്കുന്ന രീതിയിൽ പെരുമാറിയിരുന്ന എയർ ഇന്ത്യയുടെ ഈനടപടി നീതീകരിക്കാനാവാത്തതും ധിക്കാരപരവുമാണ്‌. ആവശ്യമായ ജീവനക്കാരുടെ അഭാവമാണു റദ്ദാക്കലിനു കാരണമായി അധികൃതൾ ചൂണ്ടിക്കാണിക്കുന്നത്‌. മുന്നറിയിപ്പോ ബദൽ സംവിധാനങ്ങളോ നൽകാതെ പെട്ടെന്നു രൂപപ്പെടുന്നതല്ലാത്ത ഇത്തരം കാരണങ്ങൾ പറയുന്നതിൽ ദുരൂഹതയുണ്ട്‌. പൊതുമേഖലയിലുള്ള വിമാനക്കമ്പനികളെ സ്വകാര്യമേഖലക്ക്‌ കൈമാറാനുള്ള ഗോ‍ൂഢതന്ത്രത്തിന്റെകൂടി ഭാഗമാകാമിതെന്ന ആരോപണം ശരിവയ്ക്കുന്നതാണ്‌ എയർ ഇന്ത്യയുടെ ഇതപര്യന്തമുള്ള നടപടികൾ. മംഗലാപുരം ദുരന്തത്തെ തുടർന്ന്‌ നടന്ന ഉന്നതത്തല ബോർഡ്‌ മീറ്റിങ്ങുകളിൽ ഗൾഫു മേഖലയിലെ സർവീസ്‌ സാധാരണഗതിയിലായി എന്ന്‌ പ്രഖ്യാപിച്ച്‌ മാസങ്ങൾ പിന്നിടുമ്പോഴാണ്‌ തിരക്കേറിയ അവധിക്കാലത്തു ആയിരക്കണക്കിനു ഗുൾഫുകാരേയും കുടുംബങ്ങളേയും കണ്ണീരിലാഴ്ത്തുന്ന കൂട്ടറദ്ദാക്കൽ. പല ആളുകൾക്കും ജോലി നഷ്ടപ്പെടുന്നതിന്‌ അതു കാരണമാവും.

അടിയന്തര പരിഹാരങ്ങൾ സർക്കാരിന്റെയും എയർ ഇന്ത്യയുടെയും ഭാഗത്തു നിന്നുണ്ടാവുന്നില്ലെങ്കിൽ സംഘടന ഗൾഫ്‌ മലയാളികൾക്കിടയിൽ എയർ ഇന്ത്യക്കെതിരെ പ്രചാരണം നടത്തും. കേരളത്തിൽ എസ്‌.എസ്‌.എഫിന്റെ സഹകരണത്തോടെ സമര പരിപാടികൾ ആസൂത്രണം ചെയ്യും. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അധികാരികളുടെ കണ്ണു തുറപ്പിക്കാൻ രംഗത്തിരങ്ങണമെന്നും സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. നാഷണൽ ചെയർമാൻ ശംശുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. കെ.കെ അഷ്‌റഫ്‌, ലുഖ്മാൻ പാഴൂർ, നജീബ്‌ കൊടുങ്ങല്ലൂർ, അബ്ദുൽ റഹ്മാൻ പരിയാരം സംസാരിച്ചു.
06/09/2010

No comments: