Friday, April 22, 2011

`വായിക്കുക; നിവർന്നു നിൽക്കാൻ` രിസാല കാമ്പയിൻ‌ സൗദിയിൽ ഉജ്ജല തുടക്കം

ദമ്മാം: മനുഷ്യപ്രയാണത്തിനു ചന്തയുടെയും ചിന്തയുടെയും രണ്ടു വഴികളാണുള്ളത്‌, ഒന്നു കംബോളത്തിന്റെയും മറ്റൊന്നു ധിഷണയുടെയും. ചിന്തയുടെ ഇന്ധനമാണ്‌ വായന. ചന്തയുടെ വഴി തെരെഞ്ഞെടുക്കുന്നവർ ഒരു പക്ഷെ ധനികരായേക്കാം എന്ന സാധ്യതയാണ്‌ നിലനിൽക്കുന്നതെങ്കിൽ ചിന്തയുടെ വഴി പുൽകുന്നവർ ധന്യരാകുമെന്നതു തീർച്ചയാണ്‌. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധപതിക്കുകയും ചെയ്യും എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആർ എസ്‌ സി ഗൾഫ്‌ കോ-ഓർഡിനേറ്ററുമായ ആർ പി ഹുസൈൻ അഭിപ്രായപ്പെട്ടു. `വായിക്കുക; നിവർന്നു നില്​‍്ക്കാൻ` എന്ന പ്രമേയത്തിൽ രിസാല പ്രചാരണ കാമ്പയിന്റെ നാഷണൽ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൾക്കനമുള്ള രചനകളാണ്‌ കാലത്തെപോലും നക്ഷത്ര പ്രഭയുള്ളതാക്കുന്നത്‌. അക്ഷരമെന്നാൽ നാശമില്ലാത്തത്‌ എന്നാണ്‌. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാൻ കഴിയില്ല. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളിൽ നിന്നും മുഖം തിരിക്കാതെ നല്ലതും ചീത്തയും വേർതിരിച്ചറിയുവാനും നല്ല വായനയിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ശരിയായ അനന്തരവകാശികളാകുവാനുള്ള ശ്രമമാണ്‌ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരന്ന വായന മനുഷ്യനിൽ ധന്യത പ്രസരിപ്പിക്കുന്ന തോടൊപ്പം വിനയാന്വിതരും സാംസ്കാരിക സമ്പന്നരുമാക്കും. വായനാവൈവിധ്യം നഷ്ടപ്പെടാതെ അതിന്റെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ്‌ കാലഘട്ടം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. എന്തിനു വായിക്കണം എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടി കണെ​‍്ടത്തി കേവലം അതിനുമപ്പുറം തിരിച്ചറിവിലേക്കു നയിക്കുന്ന വായനകളാണ്‌ കാലാതീതമായി നിലനിൽക്കുകയെന്ന്‌ ആദ്ദേഹം ഒർമ്മപ്പെടുത്തി. കാമ്പയിന്റെ ഭാഗമായി റിയാദ്‌, ജിദ്ദ, ദമ്മാം എന്നിവടങ്ങളിൽ സെമിനാർ, സോൺ തല­ങ്ങ­ളിൽ ഓപ്പൺ ഫോറ­ങ്ങളും സംഘടിപ്പി­ക്കും. എസ്‌ എസ്‌ എഫ്‌ സ്ഥാപക ദിനമായ ഏപ്രിൽ 29ന്‌ രിസാല ദിന­മായി ആച­രി­ക്കും. പ്രചാ­ര­ണ­ത്തിന്‌ സമാ­പനം കുറി­ച്ചു­കൊണ്ട്‌ മെയ്‌ 27ന്‌ ദേശീയ സമ്മേ­ള­ന­ം സംഘ­ടി­പ്പി­ക്കും.


ആർ എസ്‌ സി ദമ്മാം സോൺ ചെയർമാൻ മഹ്മൂദ്‌ സഖാഫി അധ്യക്ഷത വഹിച്ചു. ആർ എസ്‌ സി നാഷണൽ കൺവീനർ കാസിം പേരാമ്പ്ര, ഐ സി എഫ്‌ ദമ്മാം ജനറൽ സെക്രട്ടറി അൻവർ കളറോട്‌, ഹാശിം (സിറ്റിഫ്ളവർ), ഉമർസഅദി, ഇഖ്ബാൽ വെളിയങ്കോട്‌, സലീം പാലച്ചിറ പ്രസംഗിച്ചു. രിസാല സൗദി കോർഡിനേറ്റർ ലുഖ്മാൻ വിളത്തൂർ സ്വാഗതവും കൺവീനർ അബ്ദുല്ല വിളയിൽ നന്ദിയും പറഞ്ഞു.


20/04/2011



No comments: