Monday, May 17, 2010

ഭീകരത, തീവ്രവാദം :തെറ്റിദ്ധാരണകൾ തിരുത്തണം: ചെന്നിത്തല


ദോഹ: മനുഷ്യ കുലത്തിന്നാകമാനം ഭീഷണിയും ലോക സമാധാനത്തിന്‌ ആശങ്കയും സമ്മാനിച്ച്‌ ലോകത്ത്‌ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഭീകര, തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്യേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ ഭിന്നതകളും മറന്ന്‌ മാനവ സമൂഹം ഒന്നായി ഇതിനെതിരെ ശബ്ദിക്കേണ്ട സാഹചര്യം സൃഷ്ടിക്കണമെന്നും എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച്‌ മുസ്ലിം സമുദായത്തെ ഭീകരതയുടെ ആലയിൽ തളക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമങ്ങൾക്ക്‌ നമ്മുടെ രാജ്യവും ഭരണീയരും കൂട്ടുനിൽക്കരുതെന്നും ഒറ്റപ്പെട്ട സംഭവങ്ങൾക്ക്‌ അവ ആസൂത്രണം ചെയ്യുന്നവരുടെ അവിവേകമാണെന്നും അവരെ തിരുത്താൻ ശ്രമിക്കുകയാണ്‌ ചെയ്യേണ്ടതെന്നും പ്രവാസി രിസാലയുടെ കാമ്പയിൻ സമാപന, ആർ എസ്‌ സി ഖത്തർ ദേശീയ സമ്മേളനത്തിൽ മുഖ്യാഥിതിയായി സംബന്ധിച്ച്‌ കെ. പി. സി. സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല പ്രസ്താവിച്ചു.

തീവ്രവാദവും ഭീകരതയും അജ്ഞതയുടെ സൃഷ്ടിയാണ്‌. വായനയാണ്‌ മനുഷ്യനെ എല്ലാ അരുതായ്മകളിൽ നിന്നും അകറ്റി നിർത്തുന്നത്‌, ധാർമ്മിക ചേരുവകളാൽ സമ്പന്നമായ വായനയായിരുന്നു കഴിഞ്ഞ കാല മഹത്തുക്കളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചതു.ശാസ്കാരിക പ്രതിരോധത്തിന്റെ നവ രൂപമായ വായനയിലൂടെ നമുക്ക്‌ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രതിരോധ ശക്തി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കണമെന്നും അതിന്നായുള്ള പ്രവാസി രിസാലയുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ചാരിറ്റി പബ്ലിക്‌ റിലേഷൻ ഡയറക്ടർ ശൈഖ്‌ ഖാലിദ്‌ അഹ്മദ്‌ ഫക്രു സമ്മേളനം ഉദ്ഘാടനം ചെയ്തു. വായന പ്രതിരോധത്തിന്റെ സാംസ്കാരിക മുഖം എന്ന പ്രമേയ പ്രഭാഷണം എസ്‌ എസ്‌ എഫ്‌ സംസ്ഥാന അദ്ധ്യക്ഷൻ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി നടത്തി. മുഹമ്മദലി കുറ്റ്യാടി (ചെയർമാൻ ഗ്രാന്റ്‌ മാർട്ട്‌), ശംസുദ്ദീൻ ഒളകര (എം. ഡി. ക്വാളിറ്റി ഗ്രൂപ്പ്‌) സമ്മാന ദാനം നിർവ്വഹിച്ചു. പി. കെ അഹമ്മദ്‌ മുസ്ലിയാർ, മൊയ്തു ഫൈസി വേളം, കെ. എം. വർഗീസ്‌ (ഐ. സി. സി പ്രസിഡണ്ട്‌), ഡോക്ടർ ശമീർ മൂപ്പൻ (എം.ഡി. അൽറഫ പോളി ക്ലിനിക്ക്‌), കുഞ്ഞബ്ദുല്ല കടമേരി, കെ. കെ. ഉസ്മാൻ (ഇൻകാസ്‌), യൂസുഫ്‌ സഖാഫി അയ്യങ്കേരി, മുഹ്‌യദ്ധീൻ സഖാഫി പൊൻമള പ്രസംഗിച്ചു. ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫിയുടെ അദ്ധ്യക്ഷതയിൽ മഹ്ബൂബ്‌ ഇബ്രാഹീം മാട്ടൂൽ സ്വാഗതവും അഹമ്മദ്‌ സഖാഫി പേരാമ്പ്ര നന്ദിയും പറഞ്ഞു.

16/05/2010
basheer vadakut

No comments: