ദോഹ: ജനാധിപത്യ പ്രക്രിയകളിൽ പങ്കുവഹിക്കുന്ന ഘടകമെന്ന നിലയിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വം വലുതാണെന്നും ജനാധിപത്യത്തിന്റെ നാലാം തൂണിന്ന് അപചയം നേരിടുമ്പോൾ ശക്തമായി തിരുത്താനുള്ള ആർജ്ജവം സമൂഹം കാണിക്കണമെന്നും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച "മാധ്യമ ന്യായങ്ങളിലെ അന്യായങ്ങൾ" എന്ന സംവാദം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അരികു പറ്റി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നടത്തുന്ന ഇടപെടലുകൾ പലപ്പോഴും അതിരു കടക്കുന്നു. വാർത്തകളും വിശകലനങ്ങളും നടത്തുന്നതിൽ തിടുക്കം കാട്ടുന്ന മാധ്യമങ്ങൾ പലപ്പോഴും നിരപരാധിളിൽ പരിക്കേൽപ്പിക്കുകയാണ് ചെയ്യുന്നത്. സർവ്വ ദേശീയ മാധ്യമ തത്വങ്ങളാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിഷയാവതരണം നിർവ്വഹിച്ച് എസ് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷൻ എൻ എം സ്വാദിഖ് സഖാഫി പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരുന്നാൽ പോലും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന ഭരണഘടനാപരമായ തത്വം പുതിയ കാലത്തെ മാധ്യമ പ്രവർത്തനങ്ങളിലൂടെ ലംഘിക്കപ്പെടുന്നുവേന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തിൽ പങ്കാളികളാകുമ്പോൾ സമൂഹം മാധ്യമങ്ങളെ എങ്ങിനെ വിലയിരുത്തുന്നുവേന്ന് കൂടി അറിയണമെന്ന് സംവാദത്തിൽ പ്രസംഗിച്ച പെനിൻസുല ചീഫ് സബ് എഡിറ്റർ ഹുസൈൻ അഹ്മദ് അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന മാധ്യമങ്ങളാണ് മാധ്യമ മര്യാദകൾ ലംഘിക്കുന്നതെന്നും തിരുത്തൽ ശക്തികളായി സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ദുഷിക്കുന്നുവേങ്കിൽ ബ്ലോഗ്പോലുള്ള പുത്തൻ സാങ്കേതിക കലയിലൂടെ അതിനെ പ്രതിരോധിക്കാമെന്നും നിഷ്പക്ഷമെന്നത് ഒരു പക്ഷവുമല്ലെന്നും എല്ലാവർക്കും അവരുടേതായ പക്ഷം ഉണ്ടെന്നും ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡണ്ട് അശ്‌റഫ് തൂണേരി പറഞ്ഞു. സംവാദത്തിൽ കോയ കൊണ്ടോട്ടി (കെ എം സി സി) എം.ടി നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.
ആർ എസ് സി ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിൽ മഹ്ബൂബ് ഇബ്രാഹീം മാട്ടൂൽ സ്വാഗതവും നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു. 16/05/2010
No comments:
Post a Comment