Monday, August 2, 2010

പാരസ്പര്യം വിളംബരം ചെയ്ത്‌ എസ്‌വൈ എസ്‌ സൗഹൃദസംഗമം

ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയരക്ടർ രമേശ്‌ പയ്യന്നൂർ

ദുബൈ: സ്നേഹവും പാരസ്പര്യവും വളർത്തി സമൂഹത്തിലെ സൗഹൃദം ദൃഢമാക്കാൻ മതജീവിതം നയിക്കുന്നവരും സാമൂഹ്യപ്രസ്ഥാനങ്ങളും രംഗത്തു വരണമെന്ന്‌ 'സ്നേഹസമൂഹം സുരക്ഷിതനാട്‌' എന്ന സ്ന്ദേശത്തിൽ എസ്‌ വൈ എസ്‌ ദുബൈ സേൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായഹ്നത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ്‌ പ്രോഗ്രാം ഡയരക്ടർ രമേശ്‌ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും സ്നേഹത്തിന്റെ സന്ദേശമാണ്‌ ഉദ്ഘോഷിക്കുന്നത്‌.എന്നാൽ വ്യാഖ്യാനത്തിന്റെ പിഴവ്‌ കാരണമുണ്ടാകുന്ന വൈകാരിക സമീപനങ്ങളാണ്‌ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്‌. എന്തുകൊണ്ട്‌ തീവ്രവാദികളിൽ മുസ്ലിംകൾ ഉൾപ്പെടുന്നുവെന്ന്‌ മതനേതൃത്വം ചിന്തിക്കണം. മതപഠനത്തോടൊപ്പം ദേശീയ ബോധവും നൽകണമെന്നും നന്മയുടെ ആശയങ്ങൾ തിരസ്കരിക്കപ്പെടുകയും തിന്മ പെരുപ്പിച്ചു കാണുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ വൈ എസ്‌ പബ്ലിക്‌ റിലേഷൻ വിഭാഗം ഡയറക്ടർ സയ്യിദ്‌ ഹുസൈൻ തങ്ങൾ വിഷയാവതരണം നടത്തി. കാരുണ്യത്തിന്റെ ദർശനങ്ങളാണ്‌ സമൂഹത്തെ ഇസ്ലാമിലേക്കാകർഷിച്ചതു. സാമ്രാജ്യത്വ ശക്തികളുടെ ശ്രമഫലമായുണ്ടാകുന്ന വിധ്വംസക പ്രവർത്തനങ്ങളാണ്‌ മതത്തിന്റെ മറവിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ അടിസ്ഥാന കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തിന്റെ കണ്ണികൾ അറുത്തുമാറ്റി വിപ്ലവത്തിന്റെ ശൈലിയിലൂടെ ഇസ്ലാമിനെ കാണാൻ തുടങ്ങിയപ്പോഴാണ്‌ ഇസ്ലാമിക സമൂഹം തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്മാഈൽ ഏറാമല, ഖാലിദ്‌ ഹാജി, ഫസ്‌ലുദ്ദീൻ ശൂരനാട്‌, മമ്പാട്‌ അബ്ദുൽ അസീസ്‌ സഖാഫി, നാസിർ സഖാഫി, സുലൈന്മാൻ കന്മനം സംസാരിച്ചു. എസ്‌ വൈ എസ്‌ സംസ്ഥാന സമിതി അംഗം വടശ്ശേരി ഹസൻ മുസ്ലിയാർ സമന്വയ പ്രഭാഷണം നടത്തി. ശംസുദ്ദീൻ ബാഅലവി പ്രാർഥന നിർവഹിച്ചു.

01/08/2010
അബുയാസീൻ അഹ്‌സനി

No comments: