Tuesday, February 24, 2009

ദുബൈ RSC ഗാസയിലെ ദുരിതബാധിതര്‍ക്ക് 105,667 ദിര്‍ഹം സമാഹരിച്ചു നല്‍കി


ഗാസയിലെ ദുരിത ബാധിതരെ സഹായിക്കാനായി റെഡ്ക്രസന്റ് ആഭിമുഖ്യത്തില്‍ രിസാല സ്റഡി സര്‍ക്കിള്‍ ദുബൈ സോണല്‍ വളണ്ടിയര്‍മാര്‍ ശേഖരിച്ച 105667 ദിര്‍ഹമിന്റെ ചെക്ക് ദുബൈ റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ഹാജ് അല്‍ സര്‍ഊനിക്ക് ഖലീല്‍ തങ്ങള്‍, ആര്‍ എസ്സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ ശരീഫ് കാരശ്ശേരി എന്നിവര്‍ ചേര്‍ന്ന്കൈമാറുന്നു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി തുടങ്ങിയവര്‍ സമീപം

ദുബൈ: ഇസ്രാഈല്‍ ഭീകരത മുറിവുകള്‍ സൃഷ്ടിച്ച ഗാസയിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണവും ചികിത്സയുമെത്തിക്കുന്നതിനായി യുഎഇ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളിലേക്ക് ദുബൈയിലെ രിസാല സ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ 105,667 ദിര്‍ഹം (ഏകദേശം 1,415,937 രൂപ) സമാഹരിച്ചു നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യുഎഇയുടെ ഔദ്യോഗിക വിഭാഗമായ റെഡ്ക്രസന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ആര്‍എസ്സി പ്രവര്‍ത്തകര്‍ തുക സമാഹരിച്ചത്. ഗാസ പുനരധിവാസ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനുള്ള റെഡ്ക്രസന്റിന്റെ അഭ്യര്‍ഥന സ്വീകരിച്ച സംഘടന ദുബൈയിലെ എപ്കോ, ഇനോക് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് റെഡ്ക്രസന്റ് കൂപ്പണുകള്‍ ഉപയോഗിച്ച് തുക സമാഹരിച്ചത്. ആര്‍എസ്സിയുടെ നാല്‍പ്പതിലധികം വളണ്ടിയര്‍മാരായാണ് പത്തു ദിവസം നീണ്ടുനിന്ന യജ്ഞത്തില്‍ പങ്കു ചേര്‍ന്നത്. ജോലിക്കിടയിലും സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ജീവകാരുണ്യ സന്നദ്ധ സേവനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ താത്പര്യം പ്രകടിപ്പിച്ചു. നഗരത്തിലെ പമ്പുകളില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതില്‍ സോണല്‍ നേതാക്കളും പ്രയത്നിച്ചു. ഗാസയിലെ സഹോദരങ്ങളുടെ പുനരധിവാസത്തിനുള്ള സഹായത്തിനായി സമീപിച്ചപ്പോള്‍ എല്ലാ വിഭാഗം ജനങ്ങളിലല്‍നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ധനശേഖരണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വദേശികളും വിദേശികളും ഒരു പോലെ സഹകരിച്ചു. റെഡ്ക്രസന്റ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ ധനശേഖരണം നടത്തിയത്. ധനശേഖരണത്തില്‍ ആവേശപൂര്‍വം പങ്കെടുത്ത് പ്രതീക്ഷിച്ചതിലധികം തുക സമാഹരിച്ചു നല്‍കിയ ആര്‍എസ്സിയെ റെഡ്ക്രസന്റ് അധികൃതര്‍ പ്രശംസിച്ചു. സോണല്‍ നേതാക്കളായ മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നജീം ഹനീഫ, ശമീം കുറ്റൂര്‍, ഉസ്മാന്‍ കക്കാട്, മുഹമ്മദ് സഅദി കൊച്ചി, ഇകെ മുസ്ഥഫ, നാസര്‍ തൂണേരി, ശറഫുദ്ദീന്‍ പാലാണി എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തെ ദുബൈ നഗരസഭയുടെ ശുചിത്വ യജ്ഞത്തല്‍ പങ്കെടുത്തതിന് ആര്‍എസ്സി സോണല്‍ കമ്മിറ്റിക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.
ദുബൈയില്‍ നടന്ന എന്‍കൌമിയം സമ്മേളനത്തില്‍ റെഡ്ക്രസന്റ് ദുബൈ മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ഹാജ് അല്‍സര്‍ഊനി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരിയില്‍നിന്നും തുക ഏറ്റുവാങ്ങി. എസ്വൈഎസ് സംസ്ഥാന ജന.സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എപി ബാവഹാജി ചാലിയം, ആര്‍എസ്സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ ശരീഫ് കാരശ്ശേരി, നാഷണല്‍ കണ്‍വീനര്‍ അശ്റഫ് പാലക്കോട്, സമീര്‍ അവേലം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

www.ssfmalappuram.com

No comments: