Friday, February 20, 2009

മിദ്ലാജിന്‌ സിറാജ്‌ വായനക്കാരുടെ ചികിത്സാ സഹായം കൈമാറി



കോഴിക്കോട്‌: തലവേദനക്ക്‌ ശസ്ത്രക്രിയക്കു വിധേയനായതിനെത്തുടർന്ന്‌ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട്‌ പ്രവാസി സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തിയ കോഴിക്കോട്‌ ഇയ്യാട്‌ മിദ്ലാജിന്റെ ചികിത്സക്കായി സിറാജ്‌ വായനക്കാർ സംഭാവന ചെയ്ത രണ്ടു ലക്ഷം രൂപ മിദ്ലാജിന്റെ കുടുംബത്തിനു കൈമാറി. കോഴിക്കോട്‌ നടന്ന ചടങ്ങിൽ സിറാജ്‌ ചെയർമാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരാണ്‌ മിദ്ലാജിന്റെ ബന്ധുക്കൾക്കു തുക കൈമാറിയത്‌. സിറാജ്‌ എംഡി. വിപി അലവിക്കുട്ടി ഹാജി, ജനറൽ മാനേജർ കരീം കക്കാട്‌, രിസാല സ്റ്റഡിസർക്കിൾ പ്രതിനിധി ബഷീർ വെള്ളായിക്കോട്‌ സംബന്ധിച്ചു. ഇയ്യാട്‌ വടക്കേപറമ്പിൽ മുഹമ്മദിന്റെ മകനായ മിദ്ലാജ്‌(24) ദുബൈയിലെ ഒരു ഗ്രോസറിയിൽ ജോലി ചെയ്തു വരികയായിരുന്നു. അസഹ്യമായ തലവേദനയെത്തുടർന്നാണ്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്‌. ശസ്ത്രക്രിയ വേണ്ടിവരുമെന്ന നിർദേശത്തെത്തുടർന്ന്‌ റാശിദ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. മൂന്നു തവണ ശസ്ത്രക്രിയക്ക്‌ വിധേയനായിട്ടും അസുഖത്തിനു മാറ്റമുണ്ടായില്ല. ഭക്ഷണം കഴിക്കാൻപോലും കഴിയാത്തവിധം ശരീരം ക്ഷീണിക്കുകയും ചെയ്തു. നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മിദ്ലാജ്‌ പ്രതീക്ഷകളോടെയാണ്‌ ഗൾഫിലെത്തിയത്‌. ആശുപത്രിക്കിടക്കയിലെ യുവാവിന്റെ ദയനീയ ചിത്രം വായനക്കാർക്കു മുന്നിലെത്തിച്ചതു സിറാജായിരുന്നു. തുടർന്ന്‌ മറ്റു മാധ്യമങ്ങളും മിദ്ലാജിന്റെ സഹായത്തിനെത്തി. സിറാജ്‌ വായനക്കാരിൽനിന്നും അകമഴിഞ്ഞ സഹായമാണ്‌ മിദ്ലാജിനു ലഭിച്ചതു. എസ്‌വൈഎസ്‌, രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകർ മിദ്ലാജിനെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. നാട്ടിലേക്കു കൊണ്ടുവരുമ്പോൾ ആർഎസ്സി പ്രവർത്തകൻ ബഷീർ വെള്ളായിക്കോടും മിദ്ലാജിന്റ സഹായത്തിനായി ഒപ്പം വന്നിരുന്നു. ഇപ്പോൾ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്‌ മിദ്ലാജ്‌.
20/02/2009

No comments: